റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു; ഉദ്യോഗസ്ഥരെ ശകാരിച്ച് പൊതുമരാമത്ത് മന്ത്രി

കൊല്ലം: ശബരിമല റോഡ് നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊല്ലം പത്തനാപുരത്ത് എത്തിയ മന്ത്രി റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചു.

ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ് പത്തനാപുരം അങ്ങാടി റോഡ് നിർമ്മാണം പൂർത്തിയാകാത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ശബരിമലയിലേക്കുള്ള 19 റോഡുകളിൽ 16 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടന പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഒക്ടോബർ 29നു മുൻപ് മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും കുളിക്കവടുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെ.എസ്ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ നടത്തും. 500 ബസുകളാകും ശബരമല സ്‌പെഷ്യൽ സർവീസിന് ഉപയോഗിക്കുക. 350 ബസുകൾ ഇതിനോടകം തയാറായി. 200 ബസുകൾ ചെയിൻ സർവീസിനും 277 ബസുകൾ ദീർഘദൂര സർവീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.

പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. 16 റോഡുകളിൽ നിലവിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും