സ്‌കൂൾ വിനോദയാത്രകൾ; രാത്രി പത്ത് മണിയ്ക്ക് ശേഷവും രാവിലെ അഞ്ചിന് മുൻപും യാത്ര പാടില്ല

തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്കുള്ള പുതുക്കിയ മാനദണ്ഡം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഗതാഗതവകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമെ ഉപയോഗിക്കാവൂവെന്നാണ് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. വാഹനങ്ങളുടെ രേഖകൾ സ്‌കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോൺട്രാക്ട് ക്യാരേജുകൾ ഉപയോഗിക്കരുതെന്നും രാത്രി പത്ത് മണിയ്ക്ക് ശേഷവും രാവിലെ അഞ്ചിന് മുൻപും യാത്ര പാടില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. മൂന്നു ദിവസമേ ഒരു അക്കാദമിക വർഷം വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാർഥികൾക്ക് ഒരു അധ്യാപകനെന്ന അധ്യാപക, വിദ്യാർഥി അനുപാതം പാലിക്കണമെന്നും മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. വിനോദപഠന യാത്രയ്ക്ക് മുൻപ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്‌കൂൾ അധികൃതർ വിശദാംശങ്ങൾ അറിയിക്കുകയും വേണം.