തിരുവനന്തപുരം: സിപിഐ നൽകിയ നിവേദനം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാരുടെ കുടിശിക ഡി.എയും തടഞ്ഞ് വച്ച ലീവ് സറണ്ടറും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ നിവേദനം സമർപ്പിച്ചത്. സിപിഐയുടെ അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ് 28 നാണ് നിവേദനം നൽകിയത്.
ഡിസംബർ 31 വരെ ലീവ് സറണ്ടർ ആനുകൂല്യം നിർത്തി വച്ചിരിക്കുകയാണെന്നും നിലവിൽ സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം മുൻനിർത്തി ക്ഷാമബത്ത അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ നിർവാഹമില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിൽ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡീഷണൽ ചീഫ് സെക്രട്ടറി ധനമന്ത്രിയുടെ തീരുമാനം കത്ത് മുഖേന സിപിഐ സംഘടനയെ അറിയിച്ചിട്ടുണ്ട്. 11 ശതമാനമാണ് ഡി എ കുടിശിക. 2 വർഷമായി ലീവ് സറണ്ടറും ഇല്ല. 4 ലക്ഷം കോടി മൊത്ത കടബാധ്യതയും 1.15 ലക്ഷം ആളോഹരി കടവും ആണ് സർക്കാരിനുള്ളത്.

