കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമായ നരഹത്യാക്കുറ്റം ഒഴിവാക്കി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരെ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം ഒഴിവാക്കി കോടതി. കേസിൽ ഒന്നാം പ്രതിയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയാണ് വഫ ഫിറോസ്. ഇരുവരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്.

മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമാണ് ശ്രീറാമിനെതിരെ നിലനിൽക്കുന്നുവെന്ന് കോടതി അറിയിച്ചു. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽനിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ജൂലായ് 20-ന് പ്രതികൾ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകി.

തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നും താൻ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.