തിരുവനന്തപുരം: സംസ്ഥാനത്തെ എന്ഡോസള്ഫാന് ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായിയെ പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ജനറല് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര് ആശുപത്രിയില് എത്തി സന്ദര്ശിച്ചു.
ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള് വേഗം തീര്പ്പാക്കണം. മുന്നോട്ട് വച്ച ആവശ്യങ്ങള് സര്ക്കാര് പരിഗണിക്കുന്നതായാണ് മനസിലാക്കുന്നത്. എന്നാല്, തീരുമാനങ്ങള് വൈകരുത്. സര്ക്കാര് മാനുഷിക പരിഗണന നല്കണം. ദയാബായിയുടെ സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ദുരിത ബാധിതര്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരില് ഐക്യദാര്ഢ്യ ഉപവാസം സംഘടിപ്പിക്കും. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്ഡോ സള്ഫാന് ഇരകളെ പങ്കെടുപ്പിച്ച് ബഹുജന മാര്ച്ചും സംഘടിപ്പിക്കും.

