ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ നേതാക്കൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണെന്ന് ആന്റി ടെററിസ്റ്റ് സ്ക്വാഡ്. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ ഇയാൾ ഇന്ത്യയിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിട്ടതായാണ് എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അഞ്ച് അംഗങ്ങളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), മഹാരാഷ്ട്ര എടിഎസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. മാലേഗാവ്, കോലാപൂർ, ബീഡ്, പൂണെ എന്നിവിടങ്ങളിൽ നിന്നാണ് അഞ്ച് പേരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്ക്, ലാപ്ടോപ്പുകൾ, ബാങ്ക് രേഖകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുുത്തിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാനിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ആളുകളുണ്ടെന്നും ഗ്രൂപ്പിൽ 175 ലധികം അംഗങ്ങളുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തി. അംഗങ്ങളിൽ പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുകയും വിദേശത്ത് നിന്ന് ഒന്നിലധികം സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് സെപ്തംബർ 22 ന് കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

