ആയിരം കിലോമീറ്റര് ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ വെറും അഞ്ച് മണിക്കൂറില് താണ്ടാവുന്ന സ്വപ്ന പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കരി. മുംബയില് ശനിയാഴ്ച നടന്ന അസോസിയേഷന് ഓഫ് നാഷണല് എക്സ്ചേഞ്ച് മെമ്ബേഴ്സ് ഒഫ് ഇന്ത്യയുടെ 12ാമത് അന്താരാഷ്ട്ര കണ്വെന്ഷനില് നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രമന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച് അവതരിപ്പിച്ചത്.
മുംബയ്ക്കും ബംഗളൂരുവിനും ഇടയില് ഒരു ഗ്രീന് എക്സ്പ്രസ് ഹൈവേ നടപ്പിലാക്കാന് ഒരുങ്ങുന്നു എന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഹൈവേ വരുന്നതോടെ പൂനെക്കും ബംഗളൂരുവിനും ഇടയില് മൂന്നര മുതല് നാല് മണിക്കൂര് മതിയാവും. മുംബയ് -പൂനെ എക്സ്പ്രസ് ഹൈവേയില് പൂനെ റിംഗ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീന് എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്.
ഒരു വാഹനം മണിക്കൂറില് ശരാശരി 200 കിലോമീറ്റര് വേഗതയില് സഞ്ചരിച്ചാല് മാത്രമേ ഗ്രീന് എക്സ്പ്രസ് ഹൈവേകളില് ആയിരം കിലോമീറ്റര് അഞ്ച് മണിക്കൂര് കൊണ്ട് താണ്ടാന് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കാനാവൂ. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റര് വേഗതയില് സഞ്ചരിച്ചെങ്കില് മാത്രമേ ശരാശരി 200 കിലോമീറ്റര് വേഗത നിലനിര്ത്താനാവു. വിദേശ കാര് നിര്മ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്സ്, ലാന്ഡ് റോവര് തുടങ്ങിയ കാറുകള്ക്ക് നിലവില് 200 കിലോമീറ്റര് ശരാശരി വേഗത നിലനിര്ത്താനുള്ള ശേഷിയുണ്ട്. എന്നാല് ഈ വേഗത്തില് ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഇത്രയും സ്പീഡില് സഞ്ചരിക്കുന്ന കാറുകള് ഇന്ത്യയില് നിര്മ്മിക്കുന്നുണ്ടോ എന്നതും ഒരു ചോദ്യമാണ്.

