പുതിയ ബിസിസിഐ പ്രസിഡന്റായി റോജര്‍ ബിന്നി

മുംബൈ: പുതിയ ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയെ തിരഞ്ഞെടുത്തു. താജ് ഹോട്ടലില്‍ ചേര്‍ന്ന ദേശീയ ക്രിക്കറ്റ് ഭരണസമിതിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ്(എജിഎം) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹികള്‍ ബിന്നിയെ തിരഞ്ഞെടുത്തത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായാണ് ബിന്നി സ്ഥാനമേല്‍ക്കുന്നത്. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ബിന്നി. റോജര്‍ ബിന്നിയെ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ സെക്രട്ടറിയായി ജയ് ഷായെ നിലനിര്‍ത്തി.

ബിസിസിഐയുടെ 36-ാമത് പ്രസിഡന്റായാണ് റോജര്‍ ബിന്നിയെ നിയമിതനാകുന്നത്. എജിഎമ്മിന് മുമ്ബ് ബിന്നി ബിസിസിഐയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഈ സ്ഥാനത്തേക്ക് ബിന്നി മാത്രമാണ് പത്രിക സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.