തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമയും കർത്തവ്യവും എന്താണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമർശനത്തിന് സ്വാതന്ത്ര്യം നൽകുന്നതാണ് ഭരണഘടന. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമയും കർത്തവ്യവും എന്താണെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കടമയും കർത്തവ്യവും എന്താണെന്നും ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം ഗവർണർക്ക് നൽകിയ മറുപടി.
ഗവർണർ പദവി മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ലെന്നും സാധുവാകുകയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണറുടെ അധികാരം വളരെ ഇടുങ്ങിയതാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഗവർണർ പറഞ്ഞത് സാധുവല്ലെന്നും സമൂഹത്തിന് മുമ്പിൽ ആരും പരിഹാസ്യരാകരുതെന്നും അദ്ദേഹം അറിയിച്ചു.
സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടടിക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരള സർവകലാശാല ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നതെന്നും അംഗങ്ങളെ പിൻവലിച്ചത് ഉൾപ്പെടെ നിയമവിരുദ്ധമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിരുന്നു.
ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.

