ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്നു മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്റെ പൊതുസഭാ യോഗത്തിലെ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചക്ക് 1.45ന് പ്രഗതി മൈതാനിയില്‍ അഭിസംബോധന ചെയ്യും. പൊതുസഭാ അംഗങ്ങള്‍, ക്ഷണിതാക്കള്‍, 195 അംഗരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത പൊലീസ് മേധാവികള്‍, നാഷണല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍, രാജ്യത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, 25 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. 1997ലാണ് ഇന്ത്യ അവസാനമായി ആഥിത്യം വഹിച്ചത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇത്തവണ ഡല്‍ഹിയില്‍ അസംബ്ലി സംഘടിപ്പിക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം പൊതുസഭ നേരത്തേ അംഗീകരിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാര്‍, ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റൈസി, സെക്രട്ടറി ജനറല്‍ യൂര്‍ഗന്‍ സ്റ്റോക്ക്, സിബിഐ ഡയറക്റ്റര്‍ ജനറല്‍ സുബോധ് കുമാര്‍ ജെയ്‌സ്വാള്‍ എന്നിവരടക്കം ചടങ്ങില്‍ പങ്കാളികളാകും.