‘അഴിമതി രഹിത കേരളം’ ; അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്ന ദ്യഢനിശ്ചയം കുഞ്ഞുനാളിലെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമായി. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷനല്‍ സെന്ററില്‍ വെച്ച് നടന്ന സംസ്ഥാനത തല പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

‘ഏതൊരു നാടിന്റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എല്ലാ തലത്തിലും അഴിമതി പൂര്‍ണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാന്‍ കഴിഞ്ഞു. നേതൃതലത്തില്‍ അഴിമതി ഒഴിവാക്കി. നിയമനം, സ്ഥലമാറ്റം എന്നിവയില്‍ അഴിമതി വ്യാപകമായിരുന്നു. അത് ഒഴിവാക്കാന്‍ കഴിഞ്ഞു. വലിയ ബോധവത്ക്കരണം ആവശ്യമാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്ന ദ്യഢനിശ്ചയം കുഞ്ഞുനാളിലെ ഉണ്ടാകണം. വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കുവഹിക്കണം. മയക്കുമരുന്നിനെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയണം. വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് മനുഷ്യ ചങ്ങല തീര്‍ക്കും. വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും അധ്യാപകരും നാട്ടുകാരും ലഹരിമുക്ത ചങ്ങലയില്‍ പങ്കാളിയാകും’- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പരിപാടിയോടനുബന്ധിച്ച് അഴിമതിക്കെതിരെ വിജിലന്‍സ് വിഭാഗം തയ്യാറാക്കിയ ബോധവത്കരണ നാടകവും അവതരിപ്പിച്ചു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ സ്‌കൂളുകള്‍ , റെസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലായി വിജിലന്‍സ് ബോധവല്‍ക്കരണവാരാചരണവും സംഘടിപ്പിക്കും.