തിരുവനന്തപുരം: ഗവര്ണറെ പേടിക്കേണ്ട കാര്യമില്ലെന്നും ഭരണഘടന ഗവര്ണര്ക്കും ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു. ‘ഗവര്ണര് വിമര്ശനത്തിന് അതീതനല്ല. ജനങ്ങള് വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് മന്ത്രിമാര്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മന്ത്രിമാര് ഗവര്ണര് പദവിയുടെ അന്തസ്സ് കെടുത്തിയാല് മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പ് നല്കിയിരുന്നു. ‘പ്രീതി തത്വം’ അഥവാ ഡൊക്ട്രിന് ഓഫ് പ്ലഷര് എന്നത് ഇംഗ്ലിഷ് നിയമത്തില് ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴില് നിലനില്ക്കുന്നതെന്നതാണ് ഇതിലെ ധാര്മികതത്വം. ആയതിനാല്, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാല് ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. ഈ രീതി അനുവര്ത്തിക്കുമെന്നാണ് ഗവര്ണര് സൂചന നല്കിയത്.
എന്നാല്, സര്വകലാശാല വിഷയത്തില് ഗവര്ണര്ക്കെതിരെ മന്ത്രി ആര്. ബിന്ദു അടക്കം നടത്തിയ പരാമര്ശമാണ് ഗവര്ണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകള്. മന്ത്രിമാരെ പുറത്താക്കാന് ഗവര്ണര്ക്ക് അവകാശമില്ലെന്ന് ലോക്സഭ മുന് സെക്രട്ടറി ജനറല് പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ദ്ധര് ചൂണ്ടിക്കാട്ടി. ഗവര്ണര്ക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും.

