ന്യൂഡല്ഹി: കല്ലുവാതുക്കല് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന് കോടതിയുടെ നിര്ദ്ദേശപ്രകാരമുള്ള പിഴ അടച്ചില്ലെങ്കില് 22 വര്ഷവും ഒമ്പത് മാസവും കൂടി ജയില് ശിക്ഷ അനുഭവിക്കണമെന്ന് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് ഫയല് ചെയ്ത സത്യവാങ്മൂലത്തില് വ്യക്തമാക്കി. മണിച്ചന്റെ ജയില് മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്ക്കാര് ഉത്തരവിനെതിരെ ഭാര്യ ഉഷ നല്കിയ ഹര്ജിയിലാണ് സംസ്ഥാനം സുപ്രീം കോടതിയില് മറുപടി സത്യവാങ്മൂലം ഫയല് ചെയ്തത്.
അതേസമയം, മണിച്ചന് അടക്കുന്ന 30 ലക്ഷത്തിലധികം വരുന്ന തുക മദ്യദുരന്ത കേസിലെ ഇരകള്ക്ക് കൈമാറുമെന്നും സംസ്ഥാന സര്ക്കാര് അറിയിച്ചു. ജീവപര്യന്തം ശിക്ഷയില് ഇളവുനല്കി മണിച്ചനെ മോചിപ്പിക്കാന് തീരുമാനിച്ചുവെങ്കിലും, ഈ പിഴ അടയ്ക്കാത്തതിനാലാണ് മോചനം വൈകുന്നത്. കല്ലുവാതുക്കല് മദ്യദുരന്തത്തില് 31 പേര്ക്ക് ജീവന് നഷ്ടപ്പെട്ടു. 66 പേര്ക്ക് ഗുരുതരമായ പരിക്കുകള് നേരിട്ടു. അഞ്ച് പേര്ക്ക് പൂര്ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സര്ക്കാര് സ്റ്റാന്റിംഗ് കോണ്സല് ഹര്ഷദ് വി ഹമീദ് ഫയല് ചെയ്ത സത്യവാങ്മൂലത്തില് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് കേസിലെ മറ്റു രണ്ട് പ്രതികളായ വിനോദ് കുമാര്, മണികണ്ഠന് എന്നിവരെ പിഴ അടയ്ക്കാതെ ജയില് മോചിപ്പിച്ചതായി സര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ ഉത്തരവുകള് പ്രകാരം ഇരുവരും 8,30,000 രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. പിഴ അടച്ചില്ലെങ്കില് ഇരുവരും എട്ട് വര്ഷവും നാല് മാസവും കൂടി ജയില് ശിക്ഷ അനുഭവിക്കണെമന്നും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല് സുപ്രീം കോടതി വിധിയുടെ ആനൂകൂല്യത്തില് ഇരുവര്ക്കും പിഴ അടയ്ക്കാതെ മോചനം സാധ്യമാകുക ആയിരുന്നു.

