ഭോപാല്: മെഡിക്കല് വിദ്യാഭ്യാസം ഹിന്ദിയിലാക്കുന്ന മധ്യപ്രദേശ് സര്ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശിലെ എം.ബി.ബി.എസ് വിദ്യാര്ഥികള്ക്ക് ഹിന്ദിയിലുള്ള പാഠപുസ്തകങ്ങള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പുറത്തിറക്കി. മെഡിക്കല് ബയോ കെമസ്ട്രി, അനാട്ടമി, മെഡിക്കല് ഫിസിയോളജി എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളാണിവ.
‘എം.ബി.ബി.എസ്. കോഴ്സ് ഹിന്ദി ഭാഷയില് തുടങ്ങുന്ന ആദ്യസംസ്ഥാനമായി മധ്യപ്രദേശ് മാറി. ഈ ദിവസം ചരിത്രത്തില് സുവര്ണ ലിപികളാല് എഴുതപ്പെടും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് ഹിന്ദിയില് എം.ബി.ബി.എസ്. പഠനം തുടങ്ങിയത്. രാജ്യത്തെ എട്ടുഭാഷകളില് കൂടി മെഡിക്കല്, സാങ്കേതിക വിദ്യാഭ്യാസം നല്കാനുള്ള നടപടികള് ഉടന് തുടങ്ങും. രാജ്യത്ത് 387 മെഡിക്കല് കോളേജുകളിലായി ആകെ 51,000 സീറ്റുകളുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം 596 മെഡിക്കല് കോളേജുകളും 89,000 സീറ്റുകളുമായി വര്ധിച്ചു’- അമിത് ഷാ വ്യക്തമാക്കി.
അതേസമയം, 97 ഡോക്ടര്മാര് ചേര്ന്നാണ് മധ്യപ്രദേശിലെ ഹിന്ദി പാഠപുസ്തകങ്ങള് തയ്യാറാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്, മെഡിക്കല് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് എന്നിവര് ചടങ്ങില് പങ്കെടുത്തു.

