തിരുവനന്തപുരം: ഗവര്ണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്വലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്.
‘കൃത്യമായ ഇടപെടലുകള്ക്കാണ് ഗവര്ണര് അധികാരം ഉപയോഗിക്കേണ്ടത്. സര്ക്കാര് വീഴ്ചകളുടെ പേരില് മന്ത്രിമാരെ പിന്വലിക്കാനുള്ള അധികാരമൊന്നും ഗവര്ണര്ക്കില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്യാന് ഗവര്ണര്ക്ക് കഴിയില്ല. സര്ക്കാര്-ഗവര്ണര് പോര് കാര്യമില്ലാത്തതാണ്. സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഎമ്മാണ് ഗവര്ണറെ കുറ്റം പറയുന്നത്. നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവര്ണര് കാണുന്നില്ല. പിന്നെ എന്ത് ഇടപെടലാണ് ഗവര്ണര് നടത്തുന്നത്?’- സതീശന് ചോദിച്ചു. അതേസമയം, വിഴിഞ്ഞം സമരം തീര്ക്കാന് മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്നും, ഇത് തന്നെയാണ് എന്ഡോസള്ഫാന് സമരത്തിന്റെ അവസ്ഥയും. ദയാബായിയെ കേള്ക്കാന് പോലും സര്ക്കാര് തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്ശിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്ണറെ ഉപദേശിക്കാന് എല്ലാ അവകാശവുമുണ്ട്. എന്നാല്, ഗവര്ണര് പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള് നടത്തിയാല് മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് സ്വീകരിക്കുമെന്ന് ഗവര്ണര് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

