താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി; കെ സുധാകരന്റ പരാമർശങ്ങൾക്ക് മറുപടിയുമായി ശശി തരൂർ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റ പരാമർശങ്ങൾക്ക് മറുപടിയുമായി ശശി തരൂർ. പ്രവർത്തന പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് തരൂർ കെ സുധാകരന് മറുപടി നൽകിയത്. സുധാകരന് എന്തും പറയാമെന്നും താൻ 46 വർഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശശി തരൂർ സംഘടനാ പരമായി ട്രെയിനിയാണെന്ന കെ സുധാകരന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

സംസ്ഥാനങ്ങളിൽ പ്രചാരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂർ അറിയിച്ചു. പ്രചരണത്തിന് നൽകിയ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവർ നിർദ്ദേശം ലംഘിച്ച് പ്രചാരണത്തിന് പോയെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ തനിക്ക് 100 ൽ അധികം വോട്ടുകൾ ലഭിക്കും. എണ്ണത്തിൽ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിനെതിരെ കെ സുധാകരൻ വിവാദ പരാമർശം നടത്തിയത്. തന്റെ പിന്തുണ ഖാർഗെയ്ക്കാണെും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തരൂർ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പ്രവർത്തന പാരമ്പര്യമില്ല. വെറും ട്രെയിനിയാണ് തരൂർ. രാഷ്ട്രീയമണ്ഡലത്തിൽ തരൂരിന്റെ അനുഭവം പരിമിതമാണ്. ബുദ്ധിയും സാമർദ്ധ്യവും പോര ജനാധിപത്യ രാഷ്ട്രത്തിൽ നയിക്കാനുളള കഴിവാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കളെ വിശ്വസിക്കാൻ കൊളളാത്തവരാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ ധ്വനിപ്പിക്കാനായി സുധാകരൻ രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തു. രാവണ വധത്തിന് ശേഷം ശ്രീരാമ ദേവൻ ലക്ഷ്മണനും സീതാ ദേവിയ്ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ സഹോദരനെ കടലിൽ തളളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരെത്തിയപ്പോൾ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. രാമൻ ഇക്കാര്യം അറിഞ്ഞെന്നും അത് നിന്റെ തെറ്റല്ല നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണെന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചെന്നും സുധാകരൻ മാദ്ധ്യമത്തോട് പറഞ്ഞു.

അതേസമയം, തെക്കൻ കേരളത്തെയും തെക്കുനിന്നുള്ള നേതാക്കളെയും അവഹേളിച്ചുള്ള വിവാദ പരാമാർശത്തിൽ കെ സുധാകരൻ ക്ഷമാപണം നടത്തി.