വിഴിഞ്ഞം തുറമുഖ സമരം; മത്സ്യത്തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ഉത്തരവിറക്കി ജില്ലാ കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ ഇന്ന് മത്സ്യത്തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങൾക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

എന്നാൽ, വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്താനാണ് ലത്തീൻ അതിരൂപയുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരായ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

സർക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകൾ ആണെന്ന് സർക്കുലറിൽ ആരോപിക്കുന്നത്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തുന്നു.