എസ് രാജേന്ദ്രൻ പാർട്ടിയെ വഞ്ചിച്ചു; ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്ന് എം എം മണി

തിരുവനന്തപുരം: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി. പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽ.എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാജേന്ദ്രൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് എം.എം മണി പറഞ്ഞു. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. മൂന്നാറിൽ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 54 ാം വാർഷിക യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

രണ്ടുപ്രാവശ്യം മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ എ രാജയെ സ്ഥാനാർഥിയാക്കി. എന്നാൽ എ. രാജയെ തോൽപിക്കാൻ അണിയറയിൽ എസ് രാജേന്ദ്രൻ പ്രവർത്തിച്ചുവെന്നും മണി ആരോപിക്കുന്നു.

സിപിഐഎമ്മിനോട് നന്ദികേട് കാണിച്ച എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും മണി ആവശ്യപ്പെട്ടു. അതേസമയം, എം എം മണിയുടെ പരാമർശത്തിന് മറുപടിയുമായി എസ് രാജേന്ദ്രനും രംഗത്തെത്തി. മൂന്നാറിൽ ജനിച്ചു വളർന്ന തന്നെ ആരെങ്കിലും കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ നേരിടുമെന്ന് എസ് രാജേന്ദ്രൻ മണിയുടെ പരാമർശത്തിന് മറുപടി നൽകിയത്.