സമീപകാല ഹിറ്റുകളെ മറികടന്ന് ‘റോഷാക്ക്’ മുന്നേറുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് വിജയകരമായി മുന്നേറുന്നു. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

റോഷാക്ക് വിജയകരമായ പത്താം ദിവസത്തിലേക്ക് എത്തി നില്‍ക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡാര്‍ക് ത്രില്ലര്‍ പശ്ചാത്തലമുള്ള ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയാണ്. രണ്ടാം വാരത്തിലും കളക്ഷനില്‍ കോട്ടം തട്ടാതെ റോഷാക്ക് മുന്നേറുന്നു എന്ന വിവരമാണ് പുറത്തുവന്നത്. ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ചിത്രം ഇന്നലെ കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 92 ലക്ഷം ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട്, പൊന്നിയിന്‍ സെല്‍വന്‍, തല്ലുമാല തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയാണ് റോഷാക്ക് മറികടന്നിരിക്കുന്നതെന്നാണ് വിവരം.