സ്വന്തം തട്ടകത്തില്‍ കാലിടറി കൊമ്പന്മാര്‍

കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എ.ടി.കെ മോഹന്‍ബഗാന്‍. കേരളത്തിനായി ഇവാന്‍ കലിയുഷ്നിയും കെ.പി രാഹുലും ഗോള്‍ കണ്ടെത്തിയപ്പോള്‍ എ.ടി.കെക്കായി പെട്രറ്റോസ് ഹാട്രിക്ക് നേടി.

ഐ.എസ്.എല്ലിലെ കരുത്തന്മാര്‍ തമ്മിലുള്ള പോട്ടത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് കേരള ബ്ലാസ്റ്റേഴ്‌സാണ്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കേരളത്തിന്റെ മുന്നേറ്റ നിര ആക്രമണം അഴിച്ചുവിട്ടു. കളിയുടെ ആറാം മിനുട്ടില്‍ത്തന്നെ കേരളം സ്‌കോര്‍ ചെയ്തു. കഴിഞ്ഞ മത്സരത്തിലെ മിന്നും താരം ഇവാന്‍ കലിയുഷ്നിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിന്റെ വലതു വിങ്ങില്‍ നിന്ന് സഹല്‍ നല്‍കിയ പാസ് ഒന്നാന്തരം ഫിനിഷലൂടെ കലിയുഷ്നി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. സീസണില്‍ ഇവാന്‍ ബ്ലാസ്റ്റേഴ്സിനായി നേടുന്ന മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ സബ് ആയിറങ്ങി ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്‍ ഇരട്ട ഗോള്‍ നേടിയിരുന്നു.

ഗോള്‍ വീണതോടെ ആക്രണത്തിന്റെ മൂര്‍ച്ച കൂട്ടി ബ്ലാസ്റ്റേഴ്‌സ് വീണ്ടും നീക്കങ്ങള്‍ നടത്തി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. അതേസമയം മോഹന്‍ ബഗാന്‍ പതിയെ കളിയിലേക്ക് തിരികെവരികയായിരുന്നു. ഒടുവില്‍ 26ആം മിനുട്ടില്‍ അവര്‍ ആഗ്രഹിച്ച നിമിഷമെത്തി. കലൂരില്‍ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തെയാകെ നിശബ്ദതയിലാഴ്ത്തി മോഹന്‍ ബഗാന്‍ സമനില ഗോള്‍ സ്‌കോര്‍ ചെയ്തു. ഇടതുവിങ്ങിലൂടെ ഹ്യൂഗോ ബൗമസ് നല്‍കിയ പാസ് പെട്രറ്റോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്‌കോര്‍ (1-1). 31ആം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കുമെന്ന് വിചാരിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ജെസ്സല്‍ നല്‍കിയ ക്രോസ് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹാമില്‍ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും ക്രോസ്ബാര്‍ രക്ഷകനായി. രണ്ടാം ഗോള്‍ വഴങ്ങാതെ എ.ടി.കെ കഷ്ടിച്ച് രക്ഷപ്പെട്ടു. ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ മന്‍വീര്‍ സിങ് സമര്‍ത്ഥമായി നല്‍കിയ പാസ് സ്വീകരിച്ച കൗക്കോ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ മഞ്ഞപ്പടയുടെ വല കുലുക്കി. സ്‌കോര്‍ 2-1.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ തിരിച്ചുകയറിയ എ.ടി.കെ രണ്ടാം പകുതിയിലും ആക്രമണം അഴിച്ചുവിട്ടു. തിരിച്ചടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും പലപ്പോഴും എ.ടി.കെ ഗോളിയും ക്രോസ്ബാറും വില്ലനായി. 62-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. പെട്രറ്റോസ് ലീഡ് ഡബിളാക്കി. മോഹന്‍ ബ?ഗാന്‍ (3-1). പകരക്കാരനായെത്തിയ കെ.പി രാഹുല്‍ 81-ാം മിനുട്ടില്‍ സ്‌കോര്‍(3-2) ചെയ്തതോടെ കേരളം സമനില പിടിക്കുമെന്ന് തോന്നിയെങ്കിലും മോഹന്‍ ബഗാന്റെ ആവനാഴിയിലെ അസ്ത്രങ്ങളില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. 88-ാം മിനുട്ടില്‍ റോഡ്രിഗസിലൂടെയും ഇഞ്ചുറി ടൈമില്‍ പെട്രറ്റോസിലൂടെയും എ.ടി.കെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.