തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്.
ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിട്ടുണ്ട്. ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.
വി സി ഡോ. വി പി മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത്. സെനറ്റിൽ 13 പേരാണുള്ളത്. എന്നാൽ, ഇതിൽ രണ്ടു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർ പോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വിസിയുടെ കാലാവധി 24-ന് പൂർത്തിയാവും. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഈ അധികാരത്തിലാണ് ഗവർണറുടെ നടപടി.

