തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടറിയേറ്റിന്റെ സമരം തുടരവെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ച എൻഡോ സൾഫാൻ സമരസമിതി മാർച്ച് നടത്തും.
സാമൂഹ്യ പ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യുവാണ് അനിശ്ചിത കാല സമരം നടത്തുന്നത്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സമരം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർകോട് ജില്ലയെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.
അവസാനമായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയത് 2017 ൽ ആണെന്നാണ് ദയാബായി പറയുന്നത്. അന്നത്തെ സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് എല്ലാ കൊല്ലവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി ചൂണ്ടിക്കാട്ടി. അതിനാൽ 2017-ന് ശേഷം ജനിച്ച കുട്ടികൾ ആരും തന്നെ സർക്കാറിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നും ദയാബായി കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്ന ആവശ്യവും ദയാബായി ഉന്നയിക്കുന്നുണ്ട്.

