മുംബൈ: തിയേറ്ററുകള് കൈവിട്ട ആമിര് ഖാന് ചിത്രം ലാല് സിങ് ഛദ്ദക്ക് ഒ.ടി.ടിയില് നിന്ന് മികച്ച പ്രതികരണമാണിപ്പോള് ലഭിക്കുന്നത്. ഒക്ടോബര് അഞ്ചിന് നെറ്റ്ഫ്ലിക്സില് എത്തിയ ചിത്രം ഇതിനകം തന്നെ മികച്ച കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ഇന്ത്യയില് ഒന്നാം സ്ഥാനത്താണ് ചിത്രം. ആഗോളതലത്തില് രണ്ടാം സ്ഥാനത്തും. 180 കോടി ബജറ്റില് ഒരുങ്ങിയ ചിത്രം ബോക്സോഫീസില് തകര്ന്നടിയുകയായിരുന്നു.
അതേസമയം, തിയേറ്ററുകളില് നിന്ന് 129 കോടി മാത്രമാണ് ചിത്രം നേടിയത്. പ്രതീക്ഷിച്ചത് പോലെ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന് കഴിഞ്ഞിരുന്നില്ല. വലിയ വിവാദങ്ങളും ചിത്രം സൃഷ്ടിച്ചിരുന്നു. 1994ല് പുറത്തിറങ്ങിയ ഫോറസ്റ്റ്ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല് സിങ് ഛദ്ദ. അദ്വൈത് ചന്ദന് സംവിധാനം ചെയ്ത ചിത്രത്തില് ആമിര് ഖാനോടൊപ്പം കരീന കപൂര്, മോന സിങ്, നാഗ ചൈതന്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും പുറത്തും ‘ലാല് സിങ് ഛദ്ദ’ക്കെതിരെ ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.

