തുർക്കി: വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ സ്ഫോടനം. 40 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. കരിങ്കടലിന്റെ തെക്കൻ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടം നടന്നത്.
100 കണക്കിന് പേർ സ്ഫോടനം നടക്കുമ്പോൾ ഖനിയിൽ പ്രവർത്തിച്ചിരുന്നു. ഈ സമയം ഇതിൽ പകുതിയിൽ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നു. 11 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തുർക്കി ആരോഗ്യ മന്ത്രി ഫഹ്റെറ്റിൻ കോക്ക വ്യക്തമാക്കി.
അതേസമയം, ഖനിയുടെ ഉള്ളിൽപ്പെട്ടവരെ രക്ഷിക്കാനായായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഖനിയുടെ അടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താനായി പാറ തുരക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഏകദേശം 300 മീറ്റർ ആഴത്തിലാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 300 നും 350 മീറ്ററിനും ഇടയിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയിൽ 49 പേർ ജോലി ചെയ്തിരുന്നെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലു വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൽക്കരി ഖനികളിൽ സ്ഫോടനാത്മക മിശ്രിതം രൂപപ്പെടുന്ന മീഥേൻ ഫയർ ഡാംപാണ് സ്ഫോടനത്തിന് കാരണമായത്. അതേസമയം, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മേഖലയിൽ സന്ദർശനം നടത്തി.

