സെക്രട്ടേറിയറ്റ് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റണമെന്ന ശുപാർശ; റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരം നഗരഹൃദയത്തിൽ നിന്ന് മാറ്റുന്നതടക്കമുള്ള പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ്. സെന്തിൽ ചെയർമാനായുള്ള അഞ്ചംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സെക്രട്ടേറിയറ്റിലെ ഭരണനിർവഹണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷൻ തുടങ്ങിയവ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകൾ കുറയ്ക്കുക, സെക്രട്ടേറിയറ്റിൽ നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകൾ തത്തുല്യ തസ്തികയിൽ മാത്രം കൈകാര്യം ചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനർനിർണയിച്ച് ഉദ്യോഗസ്ഥ പുനർവിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളാണ് ഇവർ മുന്നോട്ടുവെച്ചത്.

മൂന്നുമാസമാണ് സമിതിയുടെ കാലാവധി. മാനേജ്‌മെന്റ് ഉപദേശങ്ങൾക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 2021 മാർച്ചിലാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ സെക്രട്ടേറിയറ്റ് നഗരഹൃദയത്തിൽ നിന്ന് മാറ്റണമെന്ന ശുപാർശ മുന്നോട്ടുവെച്ചത്. പാളയത്തു നിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടമെന്നായിരുന്നു നിർദ്ദേശം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിർദേശിച്ചിരുന്നു. തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേർത്ത നോർത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.