കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസ്; അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാൽ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വിശദമാക്കി. വിദേശയാത്രയെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കോവിഡ് പർചേസ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ലോകായുക്ത അന്വേഷണം നടത്തുന്നത്. പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.

കോവിഡ് പർച്ചേസിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നുമാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നൽകിയിരിക്കുന്ന വിശദീകരണം. അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ കൂട്ടിച്ചേർത്തു.