തിരുവനന്തപുരം: സംസ്ഥാനത്തെ പി പി ഇ കിറ്റ് അഴിമതി ആരോപണത്തില് പ്രതികരണവുമായി മുന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
‘ഇടപാടുകള് നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ല. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്ദേശം നല്കിയിരുന്നു. അന്പതിനായിരം കിറ്റിന് ഓര്ഡര് നല്കിയെങ്കിലും, 15,000 വാങ്ങിയപ്പോഴേക്ക് വില കുറഞ്ഞു. അതിനാല് ബാക്കി കിറ്റുകള് കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്. ആദ്യഘട്ടത്തില് അടിയന്തര സാഹചര്യത്തിലാണ് പര്ച്ചേസ് നടത്തിയത്. ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് അന്ന് പരിഗണന നല്കിയത്. കാര്യങ്ങള് ലോകായുക്തയെ ബോദ്ധ്യപ്പെടുത്തും’- ശൈലജ വിശദീകരിച്ചു.
അതേസമയം, കെ.കെ ഷൈലജ ഉള്പ്പെടെ ഒന്പത് പേര്ക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഡിസംബര് എട്ടിന് ഹാജരായി വിശദീകരണം നല്കണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ് അല് റഷീദ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

