ന്യൂഡൽഹി: ഗുജറാത്ത് പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്ത് ഇലക്ഷൻ പ്രഖ്യാപിക്കാത്തതിൽ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഹിമാചൽ പ്രദേശിന്റെ ഇലക്ഷൻ തീയതി മാത്രമാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കമ്മീഷൻ ഗുജറാത്തിലെ പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ഇലക്ഷൻ റിസൾട്ടുകൾ പരസ്പരം ഏതൊരു തരത്തിലും ബാധിക്കാതിരിക്കാൻ അവ തമ്മിൽ കുറഞ്ഞതു 30 ദിവസത്തെ വ്യത്യാസം വേണമെന്നാണ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്.
കാലാവസ്ഥ അടക്കമുള്ള പല കാര്യങ്ങളും ഹിമാചലിലെ തിരഞ്ഞെടുപ്പ് ആദ്യം നടത്തുന്നതിൽ സ്വാധീനിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. മഞ്ഞു വീഴ്ച ശക്തമാക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 70 ദിവസങ്ങളിൽ നിന്നും 54 ദിവസങ്ങളാക്കി കുറച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പും വിധി പ്രഖ്യാപനവുമായി സാധാരണയുള്ളതിൽ കൂടുതൽ കാലതാമസമുള്ളതും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പലവിധത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്നതിന് കാരണമായിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ നവംബർ 12-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഏകദേശം ഒരു മാസക്കാലയളവ് കഴിഞ്ഞ് ഡിസംബർ 8-നാണ് വോട്ടെണ്ണൽ നടക്കുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇടവേള ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി ഇതിനിടയിൽ തന്നെ പ്രഖ്യാപിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ആരെയോ സഹായിക്കാനാണ് കമ്മീഷന്റെ നടപടിയെന്നും ഇവർ വിമർശിക്കുന്നു.

