മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരമെന്ന് കാനം

മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില്‍ പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര നിയമപരം. കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര സാധ്യമല്ല’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെ 3.40ന് എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.

ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ടത്. നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.