സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദവും ഗൂഢലക്ഷ്യവും; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമാണെന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതിയല്‍ കേരളത്തിന്റെ സത്യവാങ്മൂലം. അന്വേഷണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദങ്ങള്‍ ഇവ:

പന്ത്രണ്ട് തവണ സ്വപ്നയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കെതിരെ ആദ്യ പരാതിയിലും, അനുബന്ധ പരാതിയിലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ ഉന്നയിക്കുന്നത് ബാഹ്യ സമ്മര്‍ദ്ദങ്ങളും, ഗൂഢോദ്ദേശ്യവും കാരണമാണ്.

ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും, ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചതും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഈ അന്വേഷണങ്ങള്‍ കാരണം വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല.

സ്വപ്ന സുരേഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്ത അവരുടെ ശബ്ദ സന്ദേശം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്ത് വിട്ടതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന ജയില്‍ വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഈ അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. നടത്തിയ അന്വേഷണത്തെ ബാധിച്ചിട്ടില്ല. കേരള പോലീസ് നടത്തിയ അന്വേഷണം ഇ.ഡിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ഇടപെടല്‍ ആണെന്ന് പറയാന്‍ കഴിയില്ല.

കേരള പൊലീസോ, സര്‍ക്കാരോ അന്വേഷണത്തില്‍ ഇടപെട്ടത്തിലോ, തടസപ്പെടുത്തിയതിലോ ഉള്ള രേഖകള്‍ ഇ.ഡിക്ക് ഇല്ല. കേസിലെ ഏതെങ്കിലും സാക്ഷിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാധീനിച്ചു എന്ന പരാതി ഇ.ഡിക്ക് ഇല്ല.

അന്വേഷണം പൂര്‍ത്തിയാക്കി, തെളിവുകളും അനുബന്ധ രേഖകളും സമര്‍പ്പിച്ചതിന് ശേഷം കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ഇ.ഡിക്ക് ഉന്നയിക്കാന്‍ കഴിയില്ല.

2020 ല്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. ഇപ്പോള്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

വിചാരണ അട്ടിമറിക്കപ്പെടും എന്നത് ഇ.ഡിയുടെ സാങ്കല്പികമായ ഭയമാണ്. മൊഴിമാറ്റാന്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ കേരളത്തില്‍ തന്നെ തുടരുകയാണ്. ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ കേരളത്തില്‍ തുടരുമ്പോള്‍ അതും ആയി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ മാത്രം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ല.

ശിവശങ്കര്‍ നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ല. സംസ്ഥാന പോലീസ് അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ആണെന്ന ആരോപണം അടിസ്ഥാന രഹിതം.

കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ജുഡീഷ്യറിയില്‍ നിഷ്പക്ഷത അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാകും.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അന്ന് തന്നെ ഹര്‍ജിയില്‍ തീര്‍പ്പാക്കും എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.