ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കും; അസദുദ്ദീൻ ഒവൈസി

ബംഗളൂരു: കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിൽ പ്രതികരണവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ അവരുടെ മതപരമായ വസ്ത്രങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയും ഒരു മുസ്ലീമിനെ അതിൽ നിന്നു തടയുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലീം പെൺകുട്ടികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുക തന്നെ ചെയ്യും. ബിജെപിയെയും ആർഎസ്എസിനെയും താൻ ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നു. താൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തും. ഇത് കേൾക്കുമ്പോൾ പലർക്കും വയറു വേദനയും തലവേദനയും തോന്നും. പലർക്കും രാത്രിയിൽ ഉറങ്ങാൻ പോലും കഴിയില്ല. ഇത് തന്റെ വലിയ സ്വപ്നമാണ്. അതിൽ യാെതാരു തെറ്റുമില്ല. ഇസ്ലാമും മുസ്ലീം സംസ്‌കാരവും നിലനിൽക്കരുതെന്ന് കരുതുമ്പോൾ ഒരുനാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച സ്ത്രീ വരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടക ഹൈക്കോടതിയുടെ തീരുമാനം വളരെ മോശമാണെന്നായിരുന്നു നേരത്തെ ഒവൈസി പറഞ്ഞിരുന്നത്. ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും കർണാടക ഹൈക്കോടതി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് ബിജെപിയും സർക്കാരും എടുക്കുന്ന നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. ഹിജാബ് നിരോധിക്കാനുള്ള സംഘപരിവാറിന്റെ നീക്കം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.