കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഇഡി ശ്രമം; കേസ് മാറ്റുന്നതിനെതിരെ ശിവശങ്കര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ തുടര്‍വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റാവുള്ള ഇഡി നീക്കത്തെ എതിര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ എം.ശിവശങ്കര്‍. ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി കേന്ദ്രസര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ്. കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഇഡി ശ്രമമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ശിവശങ്കര്‍ വ്യക്തമാക്കി.

കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയതെന്നും, കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഉന്നതര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബാഹ്യസമ്മര്‍ദവും ഗൂഢലക്ഷ്യവുമാണെന്നും മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഉന്നയിക്കാത്ത ആരോപണങ്ങളാണ് മജിസ്‌ട്രേറ്റിലും മാധ്യമങ്ങള്‍ക്കു മുന്നിലും പറയുന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍, സത്യവാങ്മൂലത്തില്‍ ഇഡിക്കെതിരെ വിമര്‍ശനമില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.