സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക്‌

തിരുവനന്തപുരം: മുന്‍ എം.പി സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് ഇതുവരെ കോര്‍ കമ്മിറ്റിയിലെത്തിയിരുന്നത്. എന്നാല്‍, കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്.

അതേസമയം, സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. പലപ്പോഴും പാര്‍ട്ടി സ്ഥാനമാനങ്ങള്‍ വച്ചുനീട്ടിയപ്പോഴും തന്റെ മേഖല അഭിനയമാണെന്നു പറഞ്ഞ് സുരേഷ് ഗോപി പിന്മാറിയിരുന്നു. എന്നാല്‍, ഇത്തവണ നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കുന്നത്.