ന്യൂഡല്ഹി: കര്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബ് വിലക്കാമോയെന്ന വിഷയത്തില് സുപ്രീംകോടതി ജസ്റ്റിസ് സുധാംശു ധൂലിയ കര്ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹര്ജികള് തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചു. ഇതോടെ ഹര്ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില് ഭിന്നവിധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
അതേസമയം, കര്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കല് ഇസ്ലാമില് നിര്ബന്ധമായ കാര്യമുള്ള കാര്യമല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധിപ്രസ്താവത്തില് വ്യക്തമാക്കി. എന്നാല്, കര്ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്നും കര്ണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി.

