കൊച്ചി: പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുന്നു. പീഡനക്കേസിൽ അന്വേഷണം മുറുന്നതിനിടെയാണ് എംഎൽഎ ഒളിവിൽ പോയത്. എം എൽ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികളും എംഎൽഎ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് വിവരം. എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തുവെന്നതാണ് എൽദോസ് കുന്നിപ്പിള്ളിക്കെതിരെയുള്ള കേസ്. പരാതിക്കാരിയായ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎൽഎയുടെ ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്ന അധ്യാപിക എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ വഴി കൊടുത്തുവിട്ട പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഈ ഫോൺ ഉപയോഗിച്ച് എം എൽ എയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

