ന്യൂഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊലകളിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. സംഭവം ഞെട്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ നടന്ന കുറ്റകൃത്യം കേവലം സ്ത്രീ വിരുദ്ധം മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊടും ക്രൂരത നടത്തിയ പ്രതികളിൽ സിപിഎം പ്രവർത്തകനും ഉണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതെല്ലാം കണ്ടും കേട്ടും നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുമ്പോൾ മാർക്സിസ്റ്റ് പാർട്ടിയും അവർ നയിക്കുന്ന സർക്കാരും മൗനം പാലിക്കുകയാണ്. ഇലന്തൂരിലെ ആഭിചാരക്കൊലകൾ പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്. ഏറ്റവും നികൃഷ്ടമായ കുറ്റ കൃത്യമാണ് കേരളത്തിലുണ്ടായത്. സംസ്ഥാനത്തു നടക്കുന്ന ഗുണ്ടായിസവും കുറ്റ കൃത്യങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികൾക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ട കടമ സർക്കാരിനുണ്ട്. മനുഷ്യത്വരഹിതമായ കുറ്റകൃത്യം നടന്നിട്ടും കേരളത്തിലെ മതേതര പുരോഗമനക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

