കൊച്ചി: ശിവശങ്കറുമായുള്ള അടുപ്പത്തെ കുറിച്ച് വിശദമാക്കി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. തന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ ത്തിലൂടെയാണ് സ്വപ്നാ സുരേഷ് ശിവശങ്കറുമായുള്ള ബന്ധത്തെ കുറിച്ച് വിശദമാക്കിയിട്ടുള്ളത്. ശിവശങ്കറുമായുള്ള ബന്ധം വൈകാരികമായിരുന്നുവെന്ന് സ്വപ്ന വ്യക്തമാക്കുന്നു.
ശിവശങ്കർ തന്നെ കോൺസുലേറ്റ് വഴിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കുകയായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട് രൂപമെടുത്ത ചതിയുടെ ഒരു ചിലന്തിവലയുണ്ടെന്നും സ്വപ്ന പറയുന്നു. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒൻപതാം അധ്യായത്തിലാണ് സ്വപ്ന ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
കോൺസുലേറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചിലന്തിവല ഒരു കെണിയാണെന്ന് തിരിച്ചറിയാൻ വൈകി. ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ശിവശങ്കറിന്റെ നിയന്ത്രണത്തിലൂടെയാണ്. കോൺസുലേറ്റിനെ ഇക്കാര്യത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ശിവശങ്കറിന്റെ നീക്കങ്ങൾ. ഐടി വകുപ്പിലെ പദ്ധതികളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്നു.
ഗ്രീൻ ചാനൽ ദുരുപയോഗം ചെയ്ത കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ചെയ്തുകൊടുക്കുകയാണ് ശിവശങ്കർ ചെയ്തത്. ഇതേ കോൺസുലേറ്റിനേയും ഗ്രീൻ ചാനലിനേയും തങ്ങളുടെ ഡീൽ നടത്തുന്നതിന് ഉപയോഗിച്ചു. സ്പേസ് പാർക്കിൽ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റ് നിയമനങ്ങളെക്കുറിച്ചും സ്വപ്ന തന്റെ ആത്മകഥയിലൂടെ വിശദീകരിക്കുന്നു.
തനിക്ക് സമാന്തരമായി ജയശങ്കർ, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കർ ബന്ധമുണ്ടാക്കിയെടുത്തു. തന്നേയും മോളേയും കൊല്ലാൻ ശ്രമിച്ച ജയശങ്കറിനേയും ശിവശങ്കർ ഒപ്പം നിർത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.അവനെ കളയരുത്, ഇനി ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും നൽകി. കോൺസുലേറ്റിലെ അനധികൃത പ്രവർത്തികളെക്കുറിച്ച് പറഞ്ഞപ്പോൾ ശിവശങ്കറിന് ഒരു ഉത്കണ്ഠയുമുണ്ടായില്ല. അപ്പോൾ ശിവശങ്കർ കൂടുതൽ അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതിന് തയ്യാറെടുക്കുകയായിരുന്നുവെന്നും സ്വപ്ന ചൂണ്ടിക്കാട്ടി.

