മുഖ്യമന്ത്രിയുടെ വിദേശയാത്ര ഉല്ലാസത്തിനല്ല, നാടിന്റെ വികസനത്തിന് വേണ്ടി: എം.വി ഗോവിന്ദന്‍

പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ചൊല്ലിയുള്ള ആക്ഷേപങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. ‘വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതും മറുപടി അര്‍ഹിക്കാത്തതുമാണ്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും, എന്ത് ഹീന കുറ്റകൃത്യം നടത്തിയാലും രക്ഷപ്പെടാം എന്ന ആത്മവിശ്വാസം പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ പ്രാണഭയത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സിപിഎം സെക്രട്ടറി.