ന്യൂഡൽഹി: അദാനി എന്റർപ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വർക്ക്സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ് അനുവദിച്ചു. തിങ്കളാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന് ഇതുസംബന്ധിച്ച അനുമതി ലഭിച്ചത്. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് ടെലികോം മേഖലയിലേക്കും പ്രവേശിക്കാനുള്ള നീക്കം കമ്പനി ആരംഭിച്ചത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ് വർക്ക്സ് ലിമിറ്റഡ് (എഡിഎൻഎൽ) അടുത്തിടെ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെലികോം മേഖലയിലേക്കുള്ള പ്രവേശനം. പുതിയതായി ഏറ്റെടുത്ത 5G സ്പെക്ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, മുംബൈ, ഗുജറാത്ത്, കർണാടക ഉൾപ്പടെയുള്ള ആറ് സർക്കിളുകളിലെ സേവനത്തിന് മാത്രമാണ് ഇപ്പോൾ ലൈസൻസ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

