വാക്‌സിനെടുത്തവരിലും പകരാം; കൊവിഡ് വകഭേദങ്ങള്‍ ചൈനയിലും യൂറോപ്പിലും വ്യാപിക്കുന്നു

ചൈനയിലെ പല പ്രവിശ്യകളിലും ഒമിക്രോണിന്റെ ഉപഭേദങ്ങളായ ബി എഫ് 7 ഉം ബി എ 5.1.7ഉം അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബി എ 5.1.7 വൈറസ് ബാധിച്ച കേസുകളാണ് കൂടുതലായും റവര്‍ധിക്കുന്നത്. ചൈനയിലെ ഷാവോഗാന്‍, യാന്റായ് നഗരങ്ങളിലാണ് ബി എഫ് 7 കേസുകള്‍ കണ്ടെത്തിയത്. ഇത് ഇപ്പോള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

അതേസമയം, വാക്‌സിനെടുത്തവരിലും, നേരത്തെ കൊവിഡ് ബാധിച്ചവരിലും വീണ്ടും അസുഖത്തിന് കാരണമാകാന്‍ ശേഷിയുള്ളതാണ് ബി എഫ് 7, ബി എ 5.1.7 വേരിയന്റുകളെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വാക്‌സിനുകളുടെ ഫലപ്രാപ്തിയെ നിഷേധിക്കാന്‍ വിദഗ്ദ്ധര്‍ തയ്യാറല്ല. ഇപ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സിറോ ടോളറന്‍സ് നയം പിന്തുടരുന്ന ചൈന ഷാങ്ഹായും ഷെന്‍ഷെന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സ്‌കൂളുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നത് വെല്ലുവിളിയാണ്.. കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയനിലെ കൊവിഡ് കേസുകള്‍ പരിശോധിച്ചാല്‍ മൊത്തം കേസുകള്‍ 1.5 ദശലക്ഷത്തിലെത്തി. ഇത് മുന്‍ ആഴ്ചയേക്കാള്‍ എട്ട് ശതമാനം വര്‍ദ്ധിച്ചതായി കാണാം. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.