പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. അഭിമുഖത്തിനിടെ യുടൂബ് ചാനൽ അവതാരകയെ അപമാനിച്ച കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന് ചൂണ്ടികാട്ടി മരട് പൊലീസിൽ യൂട്യൂബ് അവതാരക നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്നും പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകാൻ താത്പ്പര്യമില്ലെന്ന് അവതാരക അറിയിച്ചതായും താരം കോടതിയിൽ വ്യക്തമാക്കി. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി മരട് പോലീസ് എടുത്ത കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തു. തനിക്ക് പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കി പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി.

അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ശ്രീനാഥ് ഭാസിയ്ക്ക് നിർമ്മാതാക്കളുടെ സംഘടന താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. നിർമാതാക്കളുടെ സംഘടനയ്ക്ക് അവതാരക പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.