നരബലിയുടെ മുഖ്യ ആസൂത്രകൻ ഷാഫി; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: നരബലി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അന്വേഷണം വിപുലീകരിക്കേണ്ടി വന്നെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഷാഫിയും സ്ത്രീയും സ്‌കോർപിയോ കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഷാഫിയാണ് നരബലിയുടെ മുഖ്യ ആസൂത്രകൻ. ഗൂഢാലോചനയും ആസൂത്രണവും സ്ത്രീകളെ വലയിലാക്കിയതുമൊക്കെ ഇയാളായിരുന്നുവെന്നും ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിലില്ല. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി.

ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. പ്രതികൾ മനുഷ്യമാംസം കഴിച്ചെന്ന് വിവരമുണ്ട്. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂ. ലൈംഗിക വൈകൃതത്തിന് അടിമയാണ് ഇയാൾ. ഇക്കാര്യത്തിൽ തെളിവ് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഷാഫി രണ്ട് സ്ത്രീകളുടെയും സാമ്പത്തിക പ്രശ്‌നങ്ങൾ മുതലെടുത്തു. കത്തിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സമാനമായ കുറ്റകൃത്യം മുമ്പും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.