കാക്കനാട്: മെട്രോ റെയിൽ കാക്കനാട്ടേക്ക് ദീർഘിപ്പിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ പ്രതിസന്ധിയിൽ. സ്ഥല വില നൽകാൻ ഫണ്ട് ഇല്ല, ജീവനക്കാർക്ക് ശമ്പളമില്ല, ഓഫീസുകൾക്ക് അംഗീകാരമില്ല തുടങ്ങിയ പ്രതിസന്ധികളാണ് പ്രധാനമായും നേരിടുന്നത്. പ്രശ്ന പരിഹാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കെഎംആർഎൽ ഓഫീസിൽ യോഗം ചേരുന്നുണ്ട്. എംപി, എംഎൽഎമാർ, നഗരസഭ കൗൺസിലർമാർ, കലക്ടർ, കെഎംആർഎൽ എംഡി, സ്ഥലമെടുപ്പ് തഹസിൽദാർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
സ്ഥലമെടുപ്പ് നടപടികൾ തുടരാൻ 130 കോടി രൂപയോളം അടിയന്തരമായി ലഭിക്കണമെന്നാണ് കെഎംആർഎൽ അധികൃതരെ അറിയിച്ചിട്ടുള്ളത്. കെഎംആർഎല്ലാണ് സ്ഥലമെടുപ്പ് ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക കളക്ടർക്കു നൽകേണ്ടത്. കോടികണക്കിന് രൂപയുടെ കുടിശിക ഇതിനുണ്ട്. സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ ഓഫീസിന്റെ അംഗീകാരം നഷ്ടമായതാണ് മറ്റൊരു പ്രശ്നം.
ശേഷിക്കുന്ന രണ്ട് ഓഫീസുകളുടെ അംഗീകാരവും ഈ മാസം അവസാനിക്കും. ഇതുസംബന്ധിച്ച് അനുകൂല നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മെട്രോ സ്ഥലമെടുപ്പ് ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നത് റവന്യു വകുപ്പിൽ നിന്നു ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുള്ള ജീവനക്കാരാണ്. 130 കോടി രൂപയാണ് മെട്രോ റെയിലിനായി സ്ഥലം വിട്ടു കൊടുത്ത 134 ഭൂഉടമകൾക്ക് വില നൽകാൻ വേണ്ടി വരുന്നത്. ഇതിൽ 100 കോടി കഴിഞ്ഞ മാസം അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും കലക്ടറുടെ അക്കൗണ്ടിലേക്കു പണം എത്തിയിട്ടില്ല.

