ന്യൂഡല്ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ രൂക്ഷവിമര്ശനവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഡല്ഹിയില് വാര്ത്താസമ്മേളനത്തിലാണ് മുരളീധരന്റെ പ്രസ്താവന.
വി. മുരളീധരന്റെ വാക്കുകള്
‘മുഖ്യമന്ത്രി ജനങ്ങളുടെ ചെലവില് ഉല്ലാസയാത്ര നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സംസ്ഥാനം മൂന്നരലക്ഷം രൂപയുടെ കടബാധ്യതയില് നില്ക്കുമ്പോള് കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുന്ന ആധുനിക നീറോയാണ് പിണറായി വിജയന്. സര്ക്കാരല്ല യാത്രയുടെ ചെലവു വഹിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശകാര്യ വകുപ്പിനെ അറിയിച്ചത് സര്ക്കാര് ചെലവില് എന്നാണ്. ഇനി അങ്ങനെ അല്ലെങ്കില് എന്തു ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവ്യക്തികളോ കുത്തക മുതലാളിമാരോ ഈ ചെലവു വഹിക്കുന്നത്? അധ്വാനിച്ചു ജീവിക്കുന്ന പ്രവാസികളുടെ ചെലവില് ഉല്ലാസ യാത്ര നടത്തുന്നതാണോ തൊഴിലാളിപ്പാര്ട്ടിയുടെ മുഖ്യമന്ത്രി ചെയ്യേണ്ടത്? ജനം ഭയത്തില് കഴിയുമ്പോള് പിണറായി വിജയന് വിദേശ ടൂറിലാണ്. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. കേരളവും യുകെയും ധാരണാപത്രം ഒപ്പിട്ടു എന്നാണ് പറയുന്നത്. ഭരണഘടനയനുസരിച്ച് വിദേശകാര്യം കേന്ദ്രസര്ക്കാര് പരിധിയില് വരുന്നതാണ്. സംസ്ഥാന സര്ക്കാരുകള്ക്ക് കേന്ദ്രാനുമതിയില്ലാതെ ഒരു കരാറും ഒപ്പിടാനാവില്ല.’

