ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ മാറ്റം വന്നു; ഡാർട്ട് ദൗത്യം വിജയകരമെന്ന് നാസ

നാസയുടെ ഡാർട്ട് ദൗത്യം വിജയം. ഭൂമിയുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് തടഞ്ഞുനിർത്താനാവുമോ എന്നറിയാനുള്ള പരീക്ഷണം വിജയകരമായതായി നാസ അറിയിച്ചു. കഴിഞ്ഞ മാസമാണ് ഡാർട്ട് പേടകം ഡിഡിമോസ് എന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ ഡൈമോർഫസിൽ ഇടിച്ചിറക്കിയത്. പരീക്ഷണം വിജയം കണ്ടുവെന്ന് നാസ പറഞ്ഞു. ഡൈമോർഫസിനെ അതിന്റെ സ്വാഭാവിക സഞ്ചാര പഥത്തിൽ നിന്നും വേഗം കൂടിയ ഭ്രമണ പഥത്തിലേക്ക് നീക്കാൻ കഴിഞ്ഞുവെന്നും നാസ പറയുന്നു.

ലോകത്തെ തന്നെ ആദ്യ ഗ്രഹാന്തര പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു ഡാർട്ട് ദൗത്യം. ആദ്യമായാണ് ഒരു ബഹിരാകാശ വസ്തുവിന്റെ സഞ്ചാര പാതയിൽ മനുഷ്യർ മാറ്റം വരുത്തുന്നത്. ഡൈമോർഫസ് കുഞ്ഞൻ മൂൺലെറ്റ് ഛിന്നഗ്രഹം ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തിന് അടുത്തേക്ക് അൽപ്പം നീങ്ങിയതായാണ് നാസയുടെ കണ്ടെത്തൽ.

ഡൈമോർഫസിന്റെ ഭ്രമണ സമയം 32 മിനിറ്റോളം ഇതുവഴി കുറഞ്ഞുവെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കൂട്ടിയിടിയുടെ ദൂരദർശിനി ദൃശ്യങ്ങളും ഡാർട്ട് പേടകത്തിൽ തന്നെയുണ്ടായിരുന്ന ക്യാമറയിൽ നിന്നും കൂട്ടിയിടിക്ക് തൊട്ടുമുമ്പ് വരെ ലഭിച്ച ദൃശ്യങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.