നരബലി; പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ല, ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ഇരട്ട നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നരബലി ഫ്യൂഡൽ ജീർണതയുടെ ഭാഗമാണ്. കർശന നിലപാട് വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൂജ കഴിക്കുന്നു. മുതലാളിത്തത്തിൻറേയും ഫ്യൂഡൽ ജീർണതയുടെയും സങ്കരമാണ് ഇന്ത്യയിൽ കാണുന്നത്. ഇതിനെതിരെ കർശന ബോധവൽക്കരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനിർമ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. അന്ധവിശ്വാസങ്ങൾക്കെതിരായ നിയമ നിർമാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

നരബലി കേസിലെ പ്രതി സിപിന്റെ സജീവ പ്രവർത്തകനാണെന്നും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും നിരവധി പേർ വ്യക്തമാക്കിയിരുന്നു. തുടർന്ന് നിരവധി പേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അദ്ധ്യക്ഷൻ കെ സുധാകരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.