മൂന്നാം ഏകദിനത്തില്‍ വമ്പന്‍ ജയം; ഇന്ത്യക്ക് പരമ്പര

ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 100 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.1ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ പരമ്ബര ഇന്ത്യ 2-1ന് സ്വന്തമാക്കി.

ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (49) ശ്രേയസ് അയ്യര്‍(28) എന്നിവര്‍ തിളങ്ങി. ശിഖര്‍ ധവാന്‍ എട്ട് റണ്‍സെടുത്ത് റണ്‍ഔട്ടായി. ഇഷന്‍ കിഷന്‍ 10 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വെച്ച് ഗില്ലിനെ എന്‍ഗിഡി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയെ വെല്ലുവിളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമായി അവര്‍ക്ക് ആശ്വസിക്കാം. സഞ്ജു സാംസണ്‍ രണ്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവിന്റെ പന്തുകള്‍ക്ക് ഉത്തരമില്ലാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 27.1 ഓവറിലാണ് അവസാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് കേമന്‍. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണകൊടുത്ത.

ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. നായകന്‍ ശിഖര്‍ ധവാന്റെ തീരുമാനം ശരിയാണെന്ന് രണ്ടാം ഓവറില്‍ തന്നെ തെളിഞ്ഞു. 6 റണ്‍സെടുത്ത ഡികോക്ക് ആവേശ് ഖാന്റെ കൈകളില്‍ അവസാനിച്ചു. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീട് ഒരിക്കല്‍പോലും ദക്ഷിണാഫ്രിക്കയ്ക്ക് കരകയറാനായില്ല. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേല്‍പ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വിക്കറ്റുകളെല്ലാം ഇന്ത്യ പിഴുതെടുക്കുമ്‌ബോള്‍ ദക്ഷിണാഫ്രിക്ക നേടിയത് 99 റണ്‍സ്. സ്‌കോര്‍ബോര്‍ഡ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പോലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അനുവദിച്ചില്ല. 34 റണ്‍സെടുത്ത ഹെന്‍ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോര്‍. എട്ട് പേര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല.