ഇനി വെള്ളയില്‍ തിളങ്ങാം!

സംസ്ഥാനത്ത് ഗ്രാഫിക്‌സ് സ്റ്റിക്കറുകളും തിളങ്ങുന്ന പെയിന്റുകളും ഉപയോഗിച്ച് അലങ്കരിക്കുന്നത് ടൂറിസ്റ്റ് ബസുകള്‍ക്ക് കൈമോശം വരികയാണ് ഇന്ന്. അതിനാല്‍, വെള്ള നിറത്തിലുള്ള പെയിന്റാണ് ബോഡിയില്‍ അടിക്കേണ്ടത്. അലങ്കാരത്തിന് 10 സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റ് നിറത്തിലും അതിനും മുകളിലായി മൂന്ന് സെന്റിമീറ്റര്‍ വീതിയിലും ഓരോ വരകളും ആകാം. രാത്രി കാലങ്ങളില്‍ പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വെള്ളനിറം തിരഞ്ഞെടുത്തത്.

അതേസമയം, തിളക്കമുള്ളതും വായിച്ചെടുക്കാനാവാത്ത ഡിസൈനുകളിലും എഴുതിയിരുന്ന പേരുകള്‍ക്കും നിയന്ത്രണമുണ്ട്. മുന്‍വശത്ത് മാത്രം ഓപ്പറേറ്ററുടെ പേര് അഥവാ ബസിന്റെ പേര് എഴുതാം. 12 ഇഞ്ച് വീതിയില്‍ വളരെ സാധാരണ അക്ഷരത്തില്‍ മാത്രമാണ് എഴുതേണ്ടത്. പിന്നില്‍ ടൂര്‍ ഓപ്പറേറ്ററുടെ വിലാസവും ഫോണ്‍ നമ്പറും എഴുതാനും അനുമതിയുണ്ട്. ആദ്യം ടൂറിസ്റ്റ് ബസ് എന്നെഴുതാന്‍ മാത്രം അനുവദിക്കണമെന്നായിരുന്നു തീരുമാനം. പിന്നീട് പുനഃപരിശോധന നടത്തിയാണ് ടൂര്‍ ഓപ്പറേറ്ററുടെ പേരെങ്കിലും എഴുതാമെന്ന് നിര്‍ദേശം വരുന്നത്.

ടൂറിസ്റ്റ് ബസുകള്‍ തമ്മില്‍ പിടിച്ച് നിന്നിരുന്നത് ലൈറ്റിന്റെയും സൗണ്ടിന്റെയും അതിപ്രസരത്തിലൂടെയാണ്. എന്നാല്‍, ലൈറ്റും സൗണ്ടും പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. ബസ് ബോഡികോഡില്‍ നിര്‍ദേശിച്ചിട്ടുള്ള അളവില്‍ ഇതെല്ലാം ആകാം. അതേസമയം, 20 സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഈ പറഞ്ഞ നിയന്ത്രണങ്ങളെല്ലാം ബാധകമാണ്. ടൂറിസ്റ്റ് ബസുകള്‍ കളര്‍ കോഡിലേക്ക് മാറണമെന്ന നിര്‍ദേശം ആദ്യം വന്ന സമയത്ത് 13 സീറ്റിന് മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇത്തരത്തിലുള്ള മാറ്റം നിര്‍ദേശിച്ചിരുന്നു.