എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം ചോദിച്ചു; തെറ്റുകാരനെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും കെ. സുധാകരന്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ ലൈംഗികാരോപണ കേസില്‍ എം എല്‍ എയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തെറ്റുകാരന്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി എടുക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ‘എംഎല്‍എയുമായി പത്ത് വര്‍ഷത്തെ ബന്ധം ഉണ്ട്. മോശം വ്യക്തിയാണെന്ന് മനസിലാക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തി. മര്‍ദ്ദനവും ഭീഷണിയും തുടര്‍ന്നതോടെ വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും എംഎല്‍എക്കെതിരെയായതിനാല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.തന്റെ പരാതി കമ്മീഷണര്‍ കോവളം പൊലീസിന് കൈമാറി. തുടര്‍ന്ന് ഒന്നാം തീയതിയും ഏഴാം തീയതിയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസുകാര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. സിഐ അവധിയായതിനാല്‍ എട്ടാം തീയതി വരണമെന്ന് പറഞ്ഞ് പരാതി പരിഗണിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പോയപ്പോള്‍ എംഎല്‍എയെ കണ്ട് സംസാരിച്ച് ഒത്തുതീര്‍പ്പാക്കാം എന്നാണ് പറഞ്ഞത്. പരാതിക്ക് ശേഷം ഒത്തുതീര്‍പ്പിനായി നിരവധി പേര്‍ ശ്രമിച്ചിരുന്നു. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല’- പരാതിക്കാരിയായ അധ്യാപിക ആരോപിച്ചു.

എല്‍ദോസ് ആദ്യം എംഎല്‍എയായപ്പോള്‍ ഉണ്ടായിരുന്ന പിഎ എന്റെ സുഹൃത്തായിരുന്നു. അപ്പോഴാണ് എംഎല്‍എയുമായി സൗഹൃദം ഉണ്ടാവുന്നത്. സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഈ ജൂലൈ മാസത്തോടെയാണ് കൂടുതല്‍ അടുത്തതെന്നും അവര്‍ മൊഴി നല്‍കി.