തീപ്പന്തം; ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തീപ്പന്തമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നമായി അനുവദിച്ചത്. ശിവസേന (ഉദ്ദവ് ബാല സാഹേബ് താക്കറെ) എന്ന പേരും ഈ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാൽ, ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന ഘടകത്തിന് കമ്മീഷൻ ചിഹ്നം അനുവദിച്ചിട്ടില്ല. ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു. പുതിയ ചിഹ്നം സമർപ്പിക്കാനും ഷിൻഡെ വിഭാഗത്തോട് കമ്മീഷൻ ആവശ്യപ്പെട്ടു.ബാലസാഹേബാൻജി ശിവസേന എന്നാണ് ഷിൻഡേ നയിക്കുന്ന ശിവസേനാ വിഭാഗത്തിന് കമ്മീഷൻ അനുവദിച്ച പേര്. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്നും കമ്മീഷൻ അറിയിച്ചു.

ശിവസേനയുടെ ചിഹ്നം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തുടരുന്ന സാഹചര്യത്തിലാണ് നടപടി. തർക്കം പരിഹരിക്കുന്നത് വരെ ഇരു വിഭാഗങ്ങൾക്കും ചിഹ്നം ഉപയോഗിക്കാൻ കഴിയില്ല. പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചിരുന്നു. ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ വിഭാഗം വ്യക്തമാക്കിയത്.

ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നും താക്കറെ അറിയിച്ചു.

അതേസമയം, ശിവസേനയുടെ ചിഹ്നം ആർക്കു നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി. നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. യഥാർത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന് ഏക്‌നാഥ് ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നടപടി.